ഹിന്ദു ഒരു ജന്തു

ചില ജാതി സ്പിരിറ്റുള്ള ഹിന്ദുക്കളെ സുഖിപ്പിക്കാന്‍ വേണ്ടി മറ്റു മതസ്ഥരെ അതിശയിപ്പിക്കാന്‍ എനിക്ക് സാധിക്കില്ല. കേരളത്തിലെ ഹിന്ദുക്കള്‍ക്ക്‌ വേണ്ടി ഇറങ്ങി പ്രവര്‍ത്തിച്ചപ്പോള്‍ എന്നെ ആദ്യം സമൂഹത്തില്‍ മോശമായി മുദ്ര കുത്തി വൃണപ്പെടുത്തിയതും നമ്മുടെ ചില ഹിന്ദു സംഘടനകള്‍ തന്നെയായിരുന്നു. അപ്പോഴും ഇപ്പോഴും എന്നെ സഹായിച്ചിട്ടുള്ളത് മറ്റു രാഷ്ട്രീയങ്ങളിലും മതങ്ങളിലും വിശ്വസിക്കുന്ന സജ്ജനങ്ങളാണ്. എന്നെ ദ്രോഹിച്ചതില്‍ ആരോടും എനിക്ക് ഒരു പരാതിയുമില്ല. കഴുത ഭാരം ചുമക്കുമ്പോള്‍ അത് ഒരിക്കലും ആരെയും പഴിക്കാറില്ല. എന്നാലാവുന്ന വിധം എന്റെ കര്‍മ്മം നിറവേറ്റി അല്ലെങ്കില്‍ നിറവേറ്റാന്‍ ശ്രമിക്കുന്നു അത്രമാത്രം. കുഞ്ഞു നാളില്‍ ശാഖയില്‍ പോയതിന്റെ ഗുണങ്ങള്‍ എന്റെയുള്ളില്‍ ഉണ്ട്. സനാധന ധര്‍മ്മത്തിന്റെ സ്വാദ് പലപല സന്യാസ്സിമാരില്‍ നിന്നും ജാതി സ്പിരിറ്റ് ഇല്ലാത്ത നല്ലവരായ സ്വയം സേവകരില്‍ നിന്നും അറിഞ്ഞതുകൊണ്ട് എല്ലാം ക്ഷമിക്കുന്നു. പൂക്കളുടെ സുഗന്ധം പരത്തുന്നത് കാറ്റാണ് എന്റെ പ്രവര്‍ത്തികള്‍ എന്തെന്ന് സജ്ജനങ്ങള്‍ പരത്തികൊള്ളും. എല്ലാരുമായി യോജിച്ചു സന്തോഷമായി ഇരിക്കാനെ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ.

മക്ഷികാഃ വ്രണമിച്ഛന്തി
ധനമിച്ഛന്തി പാര്‍ത്ഥിവാഃ
നീചാഃ കലഹമിച്ഛന്തി
സന്ധിമിച്ഛന്തി പണ്ഡിതാഃ

മക്ഷികാഃ വ്രണം ഇച്ഛന്തി : ഈച്ചകള്‍ പുണ്ണിനെ ആഗ്രഹിക്കുന്നു.
പാര്‍ത്ഥിവാഃ ധനം ഇച്ഛന്തി : രാജാക്കന്മാര്‍ ധനം ആഗ്രഹിക്കുന്നു.
നീചാഃ കലഹം ഇച്ഛന്തി : നീചന്മാര്‍ കലഹം ആഗ്രഹിക്കുന്നു.
പണ്ഡിതാഃ സന്ധിം ഇച്ഛന്തി : പണ്ഡിതന്മാര്‍ സമാധാനം ആഗ്രഹിക്കുന്നു.

മുല്ലപെരിയാര്‍ വിഷയത്തില്‍ നിരപരാധിയായ എന്നെ പോലീസ് ക്രൂരമായി പീഡിപ്പിച്ചതില്‍ തുടര്‍ന്ന് എനിക്കുവേണ്ടി പ്രതികരിക്കാന്‍ ആവശ്യപ്പെട്ട ചില ഹിന്ദു നേതാക്കളോട് ഹിന്ദു സംഘടനയിലുള്ള ചില ജന്തുക്കള്‍ അരുളി മൊഴിഞ്ഞത് നോം അറിയുകയുണ്ടായി ഹെയി ബഹു കേമം സഭാഷ്. അല്ലയോ ഹിന്ദു നേതാക്കന്മാരെ ഒരു കാര്യം ഓര്‍ക്കുക ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ കൈയിലുള്ളത് ആത്മീയ ഉര്‍ജ്ജവും ഋഷിമാരുടെ ഓജസുമാണ് അതിലും വലുതല്ല മറ്റെന്തും. സന്യാസികള്‍ ഇല്ലെങ്കില്‍ നിങ്ങള്‍ ഇല്ല. ഭാരത ചരിത്രത്തില്‍ ഒരു സന്യാസിപോലും സംഘടനയുടെ പിന്‍ബലത്തില്‍ വളര്‍ന്നിട്ടില്ല എന്നാല്‍ എല്ലാം മറിച്ചാണ് സംഭവിച്ചിട്ടുള്ളത്. സംഘടനകളില്‍ അധികാരത്തിനും മറ്റും വേണ്ടി ഓച്ചാനിച്ച് നില്‍ക്കാന്‍ എനിക്ക് പ്രയാസമാണ്. ഇന്ന ജാതിയില്‍ ജനിച്ചാലെ ഹിന്ദുക്കള്‍ സ്വാമിയായി അംഗീക്കരിക്കുകയുള്ളൂയെന്ന് അറിയാന്‍ ഞാന്‍ ഏറെ വൈകിപ്പോയി. വിദേശ ഫണ്ട്‌ ഉണ്ടെങ്കില്‍ ജാതിയും ജ്ഞാനവും പ്രശ്നമല്ല.

എന്റെ ഗുരുക്കന്മാര്‍ എന്നെ പഠിപ്പിച്ചത് ലോകാ സമസ്താ സുഖിനോ ഭവന്തു എന്നാണ് അല്ലാതെ “വര്‍ഗ്ഗീയ” സമസ്താ സുഖിനോ ഭവന്തു എന്നല്ല. ഏതൊരു ജീവനും ഒരു ആവശ്യം വന്നാല്‍ ഞാന്‍ എന്നാല്‍ ആവുന്ന സഹായം നല്‍കും. ഞാന്‍ അവര്‍ണ്ണരുടെ സ്വാമിയാണ് മറിച്ചല്ല. എന്റെ കൈയില്‍ ദുര്‍ജ്ജനത്തെ സുഖിപ്പിക്കാനുള്ള പണമില്ല മറിച്ച് സജ്ജനത്തെ സഹായിക്കാനുള്ള ചില അമൂല്യമായ നിധികള്‍ ഉണ്ട്. പണവും പേരും പെരുമയുമുള്ള ആത്മീയ കുത്തകകള്‍ക്ക് ഇല്ലാത്ത പലതും എന്റെ കൈയിലുണ്ട്. തിരിച്ചറിവും യോഗ്യതയും ഉള്ള എല്ലാ സദ്‌ഗുരുക്കളെയും ജ്ഞാനികളേയും എന്നും ഞാന്‍ അംഗീക്കരിക്കുക തന്നെ ചെയ്യും അല്ലാത്തവരെ വണങ്ങാന്‍ എനിക്ക് അറിയില്ല. അതില്‍ കുറഞ്ഞുള്ള അംഗീകാരങ്ങള്‍ മാത്രം മതി തല്‍ക്കാലം എനിക്ക്.

ന വേത്തി യോ യസ്യ ഗുണ പ്രകര്ഷം
സ തം സദാ നിന്ദതി നാത്ര ചിത്രം
യഥാ കിരാതീ കരികുംഭജാതാം
മുക്താം പരിത്യജ്യ ബിഭര്ത്തി ഗുഞ്ജാം

യാതൊരുവന്‍ ഒരു വസ്തുവിന്റെ ഉല്‍കൃഷ്ടമായ ഗുണത്തെ അറിയുന്നില്ലയോ, അവന്‍ അതിനെ എല്ലായിപ്പോഴും നിന്ദിക്കുന്നതില്‍ അത്ഭുതമില്ല. എങ്ങനെയെന്നാല്‍ കാട്ടാളത്തി ആനയുടെ മസ്തകത്തില്‍ നിന്നു കിട്ടിയ മുത്തിനെ വലിച്ചെറിഞ്ഞിട്ട്‌ കുന്നികുരുമാല ധരിക്കുന്നു.  

നല്ല നല്ല നേതാക്കള്‍ ഉണ്ടായിട്ടും എന്ത് കൊണ്ട് ഇന്ന് വരെ കേരളത്തില്‍ മാത്രം താമര വിരിഞ്ഞില്ല ? ഒരുപാട് ഹിന്ദു കുടുംബങ്ങള്‍ തൊഴിലില്ലാതെ ദാരിദ്ര്യം കൊണ്ട് പിടയുന്നു എന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്ക് പ്രതിമാസം പതിനായിരം രൂപക്ക് മുകളില്‍ ശമ്പളം ലഭിക്കുന്ന ജോലി എല്ലാ ജില്ലയിലും പതിനായിരം പേര്‍ക്ക് നേടി കൊടുക്കാമെന്ന് അറിയിച്ചപ്പോള്‍ അതിനെ അവഗണിച്ചതിന്റെ കാരണം എന്താണ് ? കേരളത്തിലെ ഹിന്ദുക്കള്‍ മാത്രം അവഗണിക്കപ്പെടുന്നു എന്ത് കൊണ്ട് ? ഉത്തരമുണ്ടോ ഹിന്ദു നേതാക്കളെ ? ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം ശ്രവിക്കുമോ ആവോ ?

ലബ്ധവിദ്യോ ഗുരും ദ്വേഷ്ടി ലബ്ധഭാര്യസ്തു മാതരം 
ലബ്ധപുത്രാ പിതം നാരീ ലബ്ധാരോഗ്യഞ്ചികിത്സകം

ദുഷ്ടന്മാര്‍ വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഗുരുവിനെ വെറുക്കും, ഭാര്യയെ കിട്ടിയാല്‍ അമ്മയെ വെറുക്കും, പുത്രനുണ്ടായാല്‍ സ്ത്രീ ഭര്‍ത്താവിനെ വെറുക്കും, രോഗം മാറിയാല്‍ രോഗി വൈദ്യനേയും വെറുക്കും.

മത പരിവര്‍ത്തനം സംഭവിക്കുന്നത്‌ എന്ത് കൊണ്ട് ? ചരിത്രം പഠിച്ചാല്‍ അറിയാന്‍ സാധിക്കും. പണ്ടും ഉണ്ടായിരുന്നു നമ്മുടെ നാട്ടില്‍ ഒരുപാടു കല്‍ക്കരി കട്ടക്കളായ ഈച്ചകള്‍, അവര്‍ സ്വന്തം വര്‍ഗ്ഗത്തെ ക്രൂരമായി പീഡിപ്പിച്ചതു കൊണ്ടാണ് ഗതികെട്ട് പലരും അന്നും മതം മാറിയത്. ആരാണ് ഇതിന് ഉത്തരവാദി? ഗതികേട്ടാല്‍ സ്വന്തം മക്കളാണെങ്കിലും അവര്‍ വീട് വിട്ടു ഇറങ്ങി പോകും. ഭാരത ദര്‍ശനങ്ങളെ കുറിച്ചു പറയുന്ന എത്ര ഹിന്ദുക്കള്‍ അതു ഉള്‍ക്കൊണ്ടിട്ടുണ്ട് ? സ്വന്തം ശരീര അവയവങ്ങള്‍ ഒരിക്കലും പരസ്പരം കലഹിക്കാന്‍ പാടില്ല. അങ്ങനെ ആവര്‍ത്തിച്ചാല്‍ അതു സ്വന്തം ശരീരത്തെ തന്നെ തകര്‍ക്കും. 

നൂന പക്ഷമായ മുസ്ലീംലീഗും കൃസ്ത്യന്‍ സഭകളും അവരവരുടെ സമുദായത്തിനു വേണ്ടി പലതും നേടികൊടുത്തു. ഇപ്പോഴും നേടുന്നു. ഭൂരിപക്ഷമായ ഹിന്ദുക്കള്‍ എന്ത് നേടി ? മറ്റു മതങ്ങള്‍ക്ക് എല്ലാം ഐക്യമെന്ന പശ ഉണ്ട്. എന്നാല്‍ 158 ജാതികളുള്ള ഹിന്ദുക്കള്‍ക്ക് ഐക്യതയില്ല. എന്തിന്‌ ഇത്രമാത്രം ജാതികള്‍ ? എല്ലാ തകര്‍ച്ചയുടെയും കാരണം ഇതുതന്നെ. ഹിന്ദുക്കള്‍ കാക്കകളുടെ ഐക്യത കണ്ടു പഠിക്കുക. ഞാന്‍ എന്ന ഭാവം ഉപേക്ഷിച്ചു സ്വയം വിജയിക്കാന്‍ ശ്രമിക്കുക. സത്യത്തില്‍ നിങ്ങള്‍ കല്‍ക്കരിക്കട്ടക്ക് സമമായിമാറിയതില്‍ വളരെ പ്രയാസമുണ്ട്. കല്‍ക്കരി ചൂടായിരുന്നാല്‍ തൊട്ടാല്‍ കൈപൊള്ളും തണുത്തിരുന്നാല്‍ തൊട്ടാല്‍ കൈയില്‍ കരിയാകും. ഇതു പോലെയാണ് നിങ്ങളുടെയും സ്തിഥി. ഹിന്ദുക്കളെ യോജിപ്പിക്കാന്‍ ഫെവികോളിനോ ഫെവി ബോണ്ടിനോ പോലും സാധിക്കില്ല.

-ഡോ. സ്വാമി ഭദ്രാനന്ദ്

0 Comments

Your email address will not be published. Required fields are marked *